Search

Wednesday, 12 April 2017

നായന്മാർ

നായർ
======
കേരളത്തിലെ ഹൈന്ദവ മതസ്ഥരിൽ പ്രമുഖരായ ഒരു ജാതി അഥവാ വിഭാഗമാണ് നായന്മാർ.
നായന്മാരെക്കുറിച്ചു പ്രതിപാദിക്കുന്ന ഏറ്റവും പുരാതനമായ ഗ്രന്ഥങ്ങളിൽ ഒന്ന് പോർച് ഗീസ് ചരിത്രകാരനായ " ഡ്വാർട്ട് ബാർബോസാ " രചിച്ച "കിഴക്കെ ആഫ്രിക്കാ രാജ്യവും മലയാളവും" എന്ന ഗ്രന്ഥമാണ്. പ്രസ്തുത ഗ്രന്ഥത്തിൽ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു :
“ മലയാളത്തിലെ നായന്മാർ ജന്മനാ തന്നെ പ്രാഭവമുള്ളവരാകുന്നു. രാജാവോ പ്രഭുവോ വാൾ കൊടുത്തു "നായർ" എന്നു മൂന്നു വട്ടം വിളിക്കുന്നു. അങ്ങനെ വിളിക്കുന്നതുവരെ അവർക്കു വാളും നായർ എന്ന പേരും ധരിച്ചു നടപ്പാൻ പാടില്ല."
പട നായന്മാരെക്കുറിച്ചാണ് അദ്ദേഹം ഇങ്ങനെ വിവരിച്ചത് എന്ന് കരുതപ്പെടുന്നു.
നായർ സമുദായത്തിന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള ഐതിഹ്യങ്ങളും, വിശ്വാസങ്ങളും :
=============================================
നാഗന്മാരുടെ പിന്ഗാമികളാണ് കേരളത്തിലെ നായന്മാർ എന്ന് പൊതുവായി വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ നായന്മാർ നാഗാരാധകർ ആയിരുന്നു. അര നൂറ്റാണ്ട് മുൻപ് വരെ കേരളത്തിലെ നായർ തറവാടുകളിൽ സർപ്പക്കാവുകളും , സർപ്പ തറകളും നില നിന്നിരുന്നു.
പ്രശസ്ത ചരിത്രകാരനും, നിരവധി ചരിത്ര ഗ്രന്ഥങ്ങൾ രചിച്ച ഗ്രന്ഥകാരനും, സാമൂരിയൻസ് കോളേജ് മുൻ ചരിത്ര വിഭാഗം തലവനായിരുന്ന പ്രൊഫസർ കെ.വി. കൃഷ്ണ അയ്യരുടെ അഭിപ്രായത്തിൽ നായന്മാർ പശ്ചിമഘട്ടത്തിൽ ജീവിച്ചിരുന്നവരും നാഗന്മാരിൽ നിന്നും തമിഴരിൽ നിന്നും വ്യത്യസ്തരായതുമായ ഒരു ജനവിഭാഗമാണ്.
ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടുകളിൽ കേരളത്തിലേക്ക് കടന്നു വന്ന സിതിയ വംശർ ചേരന്മാരിലെ ഭരണവർഗവും ആയി ചേർന്നു രൂപം കൊണ്ടാവരെന്ന് നായന്മാർ, സിതിയ, ഹൂണ വിഭാഗങ്ങൾ ഭാരത വല്കരിച്ചു ഹൈന്ദവർ ആയവാരണ് രജപുത്രരും നായന്മാരുമെന്ന് മറ്റു ചില ചരിത്രകാരന്മാരും വിശ്വസിക്കുന്നു.
ക്ഷത്രിയരും നായന്മാരും
===================
ചില നായന്മാർ തങ്ങൾക്ക് ക്ഷത്രിയ പദവിയുണ്ടെന്നു അവകാശപ്പെട്ടിരുന്നു. അതായതു നായർ സമുദായത്തിൽ തന്നെ അവർ ക്ഷത്രിയ -ശൂദ്ര പദവികൾ അവകാശപ്പെടുകയും , ചാർത്തിക്കൊടുക്കുകയും ചെയ്തിരുന്നു.
കേരളം ചരിത്രത്തിലെ ശക്തനായ രാജാവായിരുന്ന സാമൂതിരിയും, മാർത്താണ്ഡ വർമ്മമാരും യഥാർത്ഥത്തിൽ നായന്മാരിലെ ഒരു വിഭാഗമായിരുന്നു. അത് കൊണ്ട് തന്നെ ആ കാലങ്ങളിൽ കേരളം സന്ദർശിച്ച പല വിദേശ ചരിത്രകാരന്മാരും തെറ്റിദ്ധരിക്കപ്പെട്ട നായന്മാർ ക്ഷത്രിയരാണെന്നു രീതിയിലും, നായന്മാരിൽ ക്ഷത്രിയ പദവികൾ നില നിന്നിരുന്നു എന്ന രീതിയിലും ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.
പുരാതന ഇന്ത്യൻ സ്കോളർ ആയിരുന്ന " അമരസിംഹം" രചിച്ച "അമരകോശ" ത്തിൽ ഇങ്ങനെ കാണാം.
“ക്ഷതാത് ത്രായതേ ഇതി ക്ഷത്രിയഃ”
“മൂർദ്ധാഭിഷിക്തോ രാജന്യോ ബാഹുജഃ
ക്ഷത്രിയോ വിരാട്‌ രാജ്ഞി രാട്‌ പാർത്ഥിവക്ഷ്മാ ഭൂന്നൃപഭൂപമഹീക്ഷിത " ..
ക്ഷത്രിയർ എന്നത്‌ യോദ്ധാക്കളല്ല. യുദ്ധം അറിയാമെങ്കിലും അവർ യുദ്ധക്കൊതിയരായിരുന്നില്ല.
യുദ്ധം ചെയ്യുന്നവരൊക്കെ ക്ഷത്രിയരുമല്ല. (യോദ്ധാക്കൾ ശൂദ്രർ തന്നെ.)
യുദ്ധം ചെയ്യുക എന്നത്‌ ക്ഷത്രിയധർമ്മമല്ല,
എന്നാൽ ശത്രുനിഗ്രഹം, രാജ്യരക്ഷ, - പ്രജാപാലനവും പ്രജാക്ഷേമവും, ധർമ്മ പരിപാലനം, നീതിന്യായപരിപാലനം എന്നിവ അനുഷ്ടിക്കുന്നവരുടെ സമൂഹമാണു് “ക്ഷത്രിയർ”.
അതായതു പോരാളികൾ മാത്രമായിരുന്നു നായർ വിഭാഗം എന്ന് വ്യക്തമാണ്. പഴയ കാലത്തു രാജാക്കന്മാരുടെ പടയാളികളും, സേനാനായകന്മാരുമായിരുന്നു പട നായന്മാർ. ഇവരിൽ പലർക്കും പിന്നീട് നാടുവാഴി സ്ഥാനങ്ങൾ നല്കപ്പെടുകയും ചെറിയ പ്രവിശ്യകളുടെ ഭരണ മേൽനോട്ടം നല്കപ്പെടുകയും ചെയ്തിരുന്നു.
നായർ വിഭാഗത്തിന്റെ വർണം
-------------------------------------
ചാതുർവർണ്യത്തിൽ ശൂദ്ര വിഭാഗമായാണ് നായന്മാർ പരിഗണിക്കപ്പെട്ടിരുന്നത്.വേദ പഠനം നായന്മാർക്ക് നിഷിദ്ധമാക്കപ്പെട്ടിരുന്നു. മേയ്‌ക്കളരിയും , എഴുത്തു കളരിയിൽ നിന്നുമുള്ള പ്രാഥമിക വിദ്യാഭ്യസവും അല്ലാതെ വേദാന്തം മാത്രമാണ് നായന്മാർക്ക് അനുവദിക്കപ്പെട്ടിരുന്നത്.
ഏറ്റവും താഴെക്കിടയിള്ളുവരെ പഞ്ചമർ എന്നും ബ്രാഹ്മണർ ഗണിച്ചിരുന്നു. ഏറ്റവും പ്രബലരായ നാടുവാഴികളായ സാമൂതിരിയെയും വേണാട് അടികളേയും പോലും ക്ഷത്രിയരായി നമ്പൂതിരിമാർ അംഗീകരിച്ചിരുന്നില്ല .
ബ്രാഹ്മണ ഇല്ലങ്ങളിൽ കാര്യസ്ഥരായി ധാരാളം നായന്മാർ ജോലി ചെയ്തിരുന്നു. എന്നാലും നായന്മാർ ബ്രാഹ്മണരിൽ നിന്നും നിശ്ചിത തീണ്ടാപ്പാടകലങ്ങൾ സൂക്ഷിക്കേണ്ടി വന്നിരുന്നു.
എന്നാൽ നായർ സ്ത്രീകൾക്ക് ഈ തീണ്ടാപ്പാടുകൾ ബാധകമായിരുന്നില്ല എന്നതാണ് വിരോധാഭാസം. കേരളത്തിലെ നമ്പൂതിരികൾ നായർ തറവാടുകളിൽ സംബന്ധം കൂടുന്നത് പതിവാക്കിയിരുന്നു. ഒരേ സമയത്തു ഒരേ നായർ സ്ത്രീയുമായി പത്തു വരെ നമ്പൂതിരിമാർ സംബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു . നമ്പൂതിരികളുമായുള്ള ഈ ബാന്ധവ ബന്ധങ്ങൾ നായർ തറവാടുകൾക്കു സമൂഹത്തിൽ ഉയർന്ന പരിഗണനയും, സാമ്പത്തികാഭിവൃദ്ധിയും പ്രദാനം ചെയ്തിരുന്നു എന്നതും ചരിത്രമാണ്..
അനാചാരങ്ങൾ
===============
കൊല്ലവർഷം 871-നു മുമ്പുവരെ തെക്കൻ തിരുവിതാംകൂറിൽ മണ്ണാപ്പേടി എന്നും വടക്ക് പുലപ്പേടി എന്നും പറപ്പേടി എന്നും പറയപ്പെട്ടിരുന്ന ഒരു ആചാരം നിലവിലിരുന്നു. പുലയരും പറയരും മണ്ണാൻമാരും നായൻമാരെ ശല്യപ്പെടുത്തുക പതിവായിരുന്നു.
നായൻമാരുടെ സ്ത്രീകളെ മോഷ്ടിച്ചുകൊണ്ടുപോകുന്ന പതിവുമുണ്ടായിരുന്നത്രെ. ഇങ്ങനെ സ്ത്രീകളെ മോഷ്ടിച്ചുകൊണ്ടുപോകുന്നത് ഇവരുടെ സമുദായത്തിൽ അംഗീകരിക്കപ്പെട്ട ഒരു വിവാഹസമ്പ്രദായവുമായിരുന്നു.
ഒരിക്കൽ മോഷ്ടിക്കപ്പെട്ട് അന്യന്റെ കൂടെപ്പോയ സ്ത്രീകളെ സ്വസമുദായത്തിലേക്ക് തിരിച്ചെടുക്കുവാനും പ്രയാസമായിരുന്നു. ഒടുവിൽ ഈ ശല്യത്തിന് ഒരറുതിവരുത്താൻ ഒരു സന്ധിയെന്നോണം ഒരാചാരം നിലവിൽ വന്നു. ഈ സമ്പ്രദായം പുലപ്പേടി, പറപ്പേടി, മണ്ണാപ്പേടി എന്നുള്ള പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
ഒരു പ്രത്യേക മാസവും ഇതിനുവേണ്ടി നിശ്ചയിച്ചിരുന്നു. ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ ഇതിന്റെ കാലം കർക്കടകമാസമാണ്. ഈ കാലത്ത് ഒരു നായർ സ്ത്രീ അകമ്പടികൂടാതെ സൂര്യോദയത്തിനുമുൻപും സൂര്യാസ്തമനത്തിനുശേഷവും വീട്ടിൽനിന്നു പുറത്തിറങ്ങിയാൽ, വീടിന്റെ മുറ്റത്തായാൽ പോലും ഒരു മണ്ണാനോ പുലയനോ പറയനോ എവിടെയെങ്കിലും ഒളിച്ചിരുന്ന് കണ്ടേ, കണ്ടേ എന്നു വിളിച്ചുപറഞ്ഞാൽ, അങ്ങനെ വിളിച്ചുപറഞ്ഞവന്റെ കൂടെ അവൾ പോകണമായിരുന്നു. അങ്ങനെ പോകുന്ന സ്ത്രീക്ക് ജാതിഭ്രഷ്ട് കല്പിക്കുക ആയിരുന്നു ശിക്ഷ. അവൾ ഏതെങ്കിലുംവിധം ഓടി രക്ഷപ്പെടാൻ തുനിഞ്ഞാൽ ബന്ധുക്കൾ അവളെ കൊല്ലാൻവരെ തയ്യാറാകുമായിരുന്നു. ഇവിടെ സ്ത്രീയുടെ അപരാധം ഒരു താഴ്ന്ന ജാതിക്കാരനാൽ കാണപ്പെട്ടു എന്നതു മാത്രമാണ്
. മൂന്നു നാലു ശതാബ്ദങ്ങൾക്കു മുൻപുതന്നെ ഈ ആചാരം നാമാവശേഷമായി. ഈ ആചാരം നിർത്തലാക്കിയത് വേണാട്ടധിപനായിരുന്ന ഉണ്ണിക്കേരളവർമ മൂന്നാമൻ ആയിരുന്നു(എ.ഡി. 1718-24).
അവാന്തര വിഭാഗങ്ങൾ
==================
നായർമാരിൽ പല ഉപജാതികൾ നിലനിന്നിരുന്നതിനെപ്പറ്റി ജാതിനിർണയം എന്ന പുരാതനമായ ഗ്രന്ഥത്തിന്റെ കാലം മുതൽക്കുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ചാതുർവ്വർണ്യക്രമമനുസരിച്ച് നമ്പൂതിരിമാർ "ശൂദ്രർ " എന്ന വർണ്ണത്തിലാണ് നായർവർഗ്ഗത്തെ പൊതുവെ പരിഗണിച്ചിരുന്നത്.
1901-ലെ സെൻസസ് പ്രകാരം കേരളത്തിൽ 116 വിഭാഗം നായർമാരുണ്ട് .പ്രധാനമായ വിഭാഗങ്ങൾ താഴെപ്പറയുന്നവയാണ് :
കിരിയത്തുനായർ
==============
മതപരവും സാമൂഹ്യവുമായ സാഹചര്യങ്ങൾക്ക് വഴിപ്പെട്ട് ബ്രാഹ്മണാധിപത്യത്തിനു വഴങ്ങേണ്ടിവരുന്നതുവരെ, ബ്രാഹ്മണരോട് സേവനപരമായി ബന്ധപ്പെടാതെ 'വർഗശുദ്ധി' പരിപാലിച്ചിരുന്ന ഒരു സാമന്ത ക്ഷത്രിയരുടെ (നാടുവാഴികൾ) വിഭാഗമായിരുന്നുവത്രേ കിരിയത്തു നായർമാർ. പഴയ മലബാർ, കൊച്ചി പ്രദേശങ്ങളിലാണ് ഇക്കൂട്ടർ പ്രധാനമായും താമസിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു.
ഇല്ലത്തുനായർ
============
നമ്പൂതിരി ഇല്ലങ്ങളിൽ സഹായികളായും, കാര്യക്കാരായും തൊഴിലനുഷ്ഠിച്ചിരുന്നവരായിരുന്നു ഇല്ലാത്ത നായന്മാർ.
സ്വരൂപത്തുനായർ
================
സാമന്ത നാടുവാഴി കുടുംബത്തിലെ സഹായികളും പടയാളികളും ആയിരുന്നു സ്വരൂപത്ത് നായർമാർ.നാടുവാഴികളുടെ പടയാളികൾ സ്വരൂപത്തെ നായന്മാർ ആയിരുന്നു.
ഇതല്ലാതെ തന്നെ അനേകം ഉപവിഭാഗങ്ങൾ നായർ സമുദായത്തിലുണ്ട്.
1 . ചക്കാലക്കൽ നായന്മാർ : അമ്പലങ്ങളിൽ ചാക്കാട്ടി എണ്ണയുണ്ടാക്കുന്ന ജോലിയിൽ വ്യാപൃതരായവരായിരുന്നു ചക്കാലക്കൽ നായന്മാർ.
2 .അത്തിക്കുറിശി നായർ / മാരാർ : മാറ്റ് നായന്മാരെ പുലയിൽ നിന്നും മോചിപ്പിക്കുന്നവർ.നമ്പൂതിരിമാരുടെ ശവമെടുക്കുന്നതു മുതൽ ഇല്ലം ശുചിയാക്കുന്നത് വരെ എത്തിക്കുറിശി നായന്മാരായിരുന്നു.തെക്കൻ / വടക്കൻ കേരളത്തിൽ " മാരാർ " എന്നും അറിയപ്പെടുന്നു.
3 . ആന്തൂരാൻ നായർ
4 . വിളക്കിതല നായർ : ഇവരിലെ സ്ത്രീകൾ വയറ്റാട്ടികൾ ആയിരുന്നു. ജാതി ശ്രേണിയിൽ താഴേക്കിടയിലാണ് ഇവരുടെ സ്ഥാനം.
5 . വെളുത്തേടത് നായർ : തുണി അലക്കലായിരുന്നു ഇവരുടെ കുലത്തൊഴിൽ.
ആന്തൂരാൻ, വിളക്കിതല , വെളുത്തേടത് , അത്തിക്കുറിശി എന്നീ വിഭങ്ങളുമായി നമ്പൂതിരിമാർ വിളികളിൽ ഏർപ്പെട്ടിരുന്നില്ല.
6 . പള്ളിച്ചാൻ നായർ - മഞ്ചൽ ചുമക്കുന്നവർ
പിള്ള, മേനോൻ, നായർ, നായനാർ, മേനോക്കി, നമ്പ്യാർ, കൈമൾ, കുറുപ്പ്, കുറുപ്പാൾ, കർത്താവ്, തരകൻ, പണിക്കർ, മന്നാടിയാർ, നെടുങ്ങാടി, ഏറാടി, വെള്ളോടി, അച്ചൻ, തമ്പി, തമ്പാൻ , എന്നീ ഉപജാതികളാണ് ഇന്ന് നായർ വിഭാഗത്തിൽ നിലവിലുള്ളത് .
വെള്ളോടി, ഏറാടി, നെടുങ്ങാടി എന്നീ സ്ഥാനികൾ സാമന്തന്മാരായിരുന്നു.
നായർമാരും സൈനികസേവനവും
==========================
മിക്ക രാജാക്കന്മാരുടെയും പടയാളികൾ നായർ യോദ്ധാക്കളായിരുന്നു. യുദ്ധം ജീവിതോപാധിയായി തിരഞ്ഞെടുത്ത പോരാളികളായിരുന്നു പട നായന്മാർ. ചെറുപ്പകാലത്തെ നായർ വിഭാഗം ആയോധന പരിശീലനം ആരംഭിച്ചിരുന്നു. ഏഴാം വയസ്സിൽ നായർ ആൺകുട്ടികളെ ആയുധവിദ്യാലയങ്ങളിൽ ചേർക്കുമായിരുന്നു.
നായർമാർക്ക് സ്ഥിരമായ ആയുധവിദ്യാലയങ്ങൾ ഉണ്ടായിരുന്നു. ഇവ 'ക ളരികൾ ' എന്നാണ് അറിയപ്പെട്ടിരുന്നത്. പണിക്കന്മാരും(നായർ പണിക്കർ) കുറുപ്പന്മാരുമായിരുന്നു ഗുരുനാഥന്മാർ. ഗുരുക്കൾ, ആശാൻ എന്നും അവർ അറിയപ്പെട്ടിരുന്നു.കളരിയാശാന്റെ വീട്ടുവളപ്പിൽ, വീട്ടിൽ നിന്ന് വിട്ട് ഒരൊഴിഞ്ഞ മൂലയിലാണ് 'കളരികൾ' സ്ഥാപിച്ചിരുന്നത്. കളരിയുടെ നടുവിലായി 'യുദ്ധദേവത'യുടെ സ്വരൂപത്തിലുള്ള 'പടകാളി'യുടെ രൂപം സ്ഥാപിച്ചിരുന്നു. ചിലപ്പോൾ നാഗയക്ഷിയുടെ പ്രതിമയും സ്ഥാപിക്കാറുണ്ട്. പല നായർ വനിതകളും ആയോധനകലയിൽ പരിശീലനം നേടിയിരുന്നു.
അവലംബം
=============
പ്രാചീന കേരളം - ചട്ടമ്പി സ്വാമികൾ
കേരളചരിത്രം - എ.ശ്രീധര മേനോൻ
കേരളോല്പത്തി.

4 comments:

  1. വാമൊഴി ആയി കേട്ടിട്ടുള്ള ഒരു ഐതീഹ്യം പറയാം.

    ഒരിക്കൽ കുറെ ബ്രാഹ്മണർ ഏതോ ഒരു യാഗസ്ഥലത്തു പോയി. ഉച്ചയൂണിനു സമയം ആയപ്പോൾ അവർ പുഴയിൽ കുളിക്കാൻ പോയി.
    കുളിച്ചു നേരം പോയതിനാൽ കുളിക്കാൻ ബാക്കിയുള്ള ഒരുവനെ എല്ലാവരുടെയും നനഞ്ഞ വസ്ത്രങ്ങൾ കൂടി ഏല്പിച്ചു അവർ മുന്നേ പോയി.
    ശേഷിച്ച ആൾ എല്ലാവരുടെയും വസ്ത്രങ്ങൾ ഒരുമിച്ച് ഒരു മുണ്ടിൽ കെട്ടി തലയിൽ ചുമന്നു എത്തിയപ്പോൾ ഉച്ച ഭക്ഷണം തീർന്നു
    ബാക്കി അവിടെ ഉണ്ടായിരുന്നത് ഗണപതി സങ്കല്പത്തിൽ വിളമ്പിയ ആഹാരം മാത്രം. അവിടെ കൂടിയിരുന്നവർ ഇനി എവിടെ ആയാലും ഗണപതിക്കായി വിളക്കതുവയ്‌ക്കുന്നത് ആ ആൾക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞു അദ്ദേഹത്തിന് നൽകി.
    അദ്ദേഹം ഉപജീവനം നടത്താൻ തുടർന്നും ഈ ജോലി ചെയ്തതാവാം. അതുമല്ല വരരുചിയുടെ പുത്രനായ രജകന്റെ പിന്മുറക്കാർ ആണ് വെളുത്തേടത്തു നായർ സമുദായത്തിൽ പെട്ടവർ. വെളുത്തേടന് ശ്രീകോവിലിലും കയറാം എന്നാണ് പഴമൊഴി. എന്ടജ് അശുദ്ധവും മാറ്റാൻ മാറാനും വെളുത്തേടൻ കൊണ്ട് സ്പർശിച്ചാൽ മതി എന്ന് വിശ്വസിക്കുന്നു.പണ്ടും ഇപ്പോഴും ക്ഷേത്രങ്ങളിൽ പൂജക്കായി ദേവനുള്ള മാറ്റ് ,ഉടയാട എന്നിവ വൃത്തിയാക്കുന്ന ജോലി ചെയ്തിരുന്നു. ഇപ്പോഴും അപൂർവമായി ചെയ്തു വരുന്നു. പുതുതലമുറക്ക് ഇതിൽ വലിയ താല്പര്യം കാണുന്നില്ല ബ്രാഹ്മണർക്കും വെളുത്തേടൻ അകറ്റി നിർത്തേണ്ട ഒരാളായിരുന്നില്ല വളരെ ആവശ്യം വേണ്ട ഒരാൾ ആയിരുന്നു

    ReplyDelete
    Replies
    1. ക്ഷേത്രങ്ങളിലേക്കുള്ള മാറ്റുമുണ്ട് പൂജാദികൾ ചെയ്യുന്ന ബ്രാഹ്മണർക്കായി വൃത്തിയാക്കി കൊടുക്കുന്ന പുണ്യമായ ജോലിയെ ( വെറും തുണി അലക്ക് എന്നുപറഞ്ഞു തരം താഴ്ത്തല്ലേ )അവഹേളിക്കരുത് വെളുത്തേടൻ ശ്രീകോവോവിലിലും കയറാം എന്നാണ് പഴമൊഴി. അല്ലാതെ ഒരു ബ്രാഹ്മണനും വെളുത്തേടന് ഭ്രഷ്ട് കല്പിച്ചിട്ടില്ല.

      Delete
    2. വെളുത്തേടത് സമുദായവുമായി സംബന്ധങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. അതൊരു വസ്തുതയാണ്.

      Delete
  2. കേരളത്തിലെ എല്ലാ രാജാക്കൻമാരും നായൻമാർ ആണ്‌..

    ReplyDelete